Thiruthiyadu Vilasini
Actors
Areas of Contributions :
Actors
|
Year of First Movie | 1974 |
Year of Last Movie | 2013 |
Movies Acted In | 15 |
Released Movies | 15 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | IV Sasi |
Favorite Producer | Ranjith |
Number of Years in the Field | 40 |
നിരവധി നാടകങ്ങളിലും സിനിമകളിലും സീരിയലുകളിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ മികവോടെ അവതരിപ്പിച്ചിട്ടുള്ള കലാകാരിയായ തിരുത്തിയാടു് വിലാസിനിയുടെ സ്വദേശം കോഴിക്കോടാണു്. ചെറുപ്പം മുതലേ അഭിനയകലയോടു് അഭിനിവേശമുണ്ടായിരുന്ന വിലാസിനി നാട്ടിലെ ഭാരത് സേവക് സമാജില് തയ്യല്‍ പഠിച്ചുകൊണ്ടിരിക്കെയാണു് ഒരു മത്സരത്തിലൂടെ ശ്രീ കെ ടി മുഹമ്മദ് തന്റെ നാടകത്തിൽ അഭിനയിക്കാനായി തെരഞ്ഞെടുത്തതു്. അങ്ങനെ കെ ടി മുഹമ്മദ് രചനയും സംവിധാനവും നിർവ്വഹിച്ച ‘കളിത്തോക്കു്’ എന്ന നാടകത്തിൽ, കോഴിക്കോട്ടെ മഹാരഥന്മാരായ നാടകക്കാരെയെല്ലാം സാക്ഷിനിർത്തി പതിനഞ്ചു വയസ്സുകാരിയായ വിലാസിനി ഒരു പുരുഷ കഥാപാത്രമായി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. ആദ്യ നാടകത്തിൽത്തന്നെ ഉജ്ജ്വലപ്രകടനം കാഴ്ച്ചവെച്ച വിലാസിനിയെ നാടകരംഗം ഏറ്റുവാങ്ങി. പിന്നീടു് കെ ടി മുഹമ്മദിന്റെ തന്നെ ‘ഇതു ഭൂമിയാണു്’, ‘കാഫർ’ തുടങ്ങിയ നാടകങ്ങളിൽ അഭിനയിക്കുകയും കേരളത്തിലെ നാടകരംഗത്തെ ശ്രദ്ധിക്കപ്പെടുന്ന നടികളിൽ ഒരാളായി മാറുകയും ചെയ്തു. മൂന്നു വർഷത്തിനകം പ്രൊഫഷണല്‍ നാടകത്തിലേക്കു കടന്നു. തിക്കൊടിയൻ, വാസു പ്രദീപ്, വിജയൻ വി നായർ തുടങ്ങിയ അന്നത്തെ പ്രമുഖരുടെയെല്ലാം നാടകങ്ങളിലെ അവിഭാജ്യ ഘടകമായി മാറി. അക്ഷയ തിയേറ്റേഴ്സിന്റെ 'നമ്മളൊന്നു്', മലബാര്‍ തിയേറ്റേഴ്സിന്റെ 'ജാലിയന്‍ വാലാബാഗ്', 'കയ്യൂരിന്റെ മക്കള്‍', 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്നീ നാടകങ്ങള്‍ വിലാസിനിയെ ഏറെ ശ്രദ്ധേയയാക്കി. അന്നത്തെ പ്രമുഖ നാടകട്രൂപ്പുകളായിരുന്ന സംഗമം തീയേറ്റേഴ്സ്, സഹൃദയ തീയേറ്റേഴ്സ്, ഉള്ള്യേരി സപ്തസ്വര മുതലായവയിൽ മുഖ്യവേഷക്കാരിയായി തിളങ്ങി. മലബാര്‍ തിയേറ്റേഴ്സിന്റെ വിജയൻ വി നായർ സംവിധാനം ചെയ്ത 'തറവാട്ടച്ഛന്‍' എന്ന നാടകത്തില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള സംഗീതനാടക അക്കാദമി അവാര്‍ഡ് വിലാസിനിക്കു് ലഭിച്ചിട്ടുണ്ടു്.
നാടകത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയപ്പോൾത്തന്നെ സിനിമയിൽ അഭിനയിക്കാനുള്ള അവസരങ്ങളും വിലാസിനിയെ തേടിയെത്തിയിരുന്നു. ശ്രീ പി ഭാസ്കരൻ സംവിധാനം ചെയ്ത ‘ഒരു പിടി അരി’ ആണു് ആദ്യം അഭിനയിച്ച സിനിമ. ഐ വി ശശിയുടെ അഹിംസ, അനുബന്ധം, ആവനാഴി, അങ്ങാടിക്കപ്പുറത്തു്, നാല്ക്കവല മുതലായ ചിത്രങ്ങളിലെല്ലാം വിലാസിനിക്കു് വേഷങ്ങൾ ലഭിച്ചു. പിന്നീടു് നാടകരംഗത്തു തുടർന്നെങ്കിലും ഒരു ഇടവേളക്കുശേഷം പിന്നീടു് സിനിമയിലേക്കു തിരിച്ചുവന്നതു് കോഴിക്കോട്ടുള്ള പല നാടകപ്രവർത്തകരേയും ഉൾപ്പെടുത്തിക്കൊണ്ടു് രഞ്ജിത്ത് സംവിധാനം ചെയ്ത ‘പലേരിമാണിക്യം ഒരു പാതിരാക്കൊലപാതകം’ എന്ന ചിത്രത്തിലൂടെയാണു്. തുടർന്നു് രഞ്ജിത്തിന്റെതന്നെ മറ്റു സിനിമകളിലും സത്യൻ അന്തിക്കാടിന്റെയും, കമലിന്റെയും മറ്റു പല സവിധായകരുടെയും സിനിമകളിലും അപ്രധാനമല്ലാത്ത വേഷങ്ങൾ ലഭിച്ചു ഈ കലാകാരിക്കു്.
വിലാസിനിയുടെ ഭർത്താവു് വളരെ വർഷങ്ങൾക്കു മുൻപുതന്നെ മരിച്ചുപോയിരുന്നു. രണ്ടു മക്കൾ. മകൻ-വിജിത്തു്, മകൾ-വിജയശ്രീ. അഞ്ഞൂറോളം നാടകങ്ങൾ, അനവധി സിനിമകൾ, സീരിയലുകൾ, ഡോക്യുമെന്ററികൾ എന്നിവയിലൊക്കെ തിളക്കമാർന്ന അഭിനയം കാഴ്ചവെച്ച ഈ കലാകാരിയുടെ അവസാന നാളുകൾ സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും, രോഗങ്ങളുടെയും പിടിയിൽ ആയിരുന്നു. എല്ലാ നൊമ്പരങ്ങളോടും യാത്രപറഞ്ഞു് ഈ അഭിനേത്രി 2013 നവംബർ 28നു് ഈ ലോകത്തുനിന്നു് വിടവാങ്ങി.
തയ്യാറാക്കിയതു് - കല്യാണി
References :
Mb4Eves
മലയാളസംഗീതം- Malayalam Music & Movie Encyclopedia
Available Movies : 15
Available Web Series : 0
Available Short Movies : 0